08:03am 18 September 2026
NEWS
കുടുംബ സ്വത്തുക്കളിൽ സ്ത്രീകൾക്കും തുല്യാവകാശം: നിർണ്ണായക വിധി
09/07/2025  10:56 AM IST
സുരേഷ് വണ്ടന്നൂർ
കുടുംബ സ്വത്തുക്കളിൽ സ്ത്രീകൾക്കും തുല്യാവകാശം: നിർണ്ണായക വിധി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ 2004-ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം സ്ത്രീകൾക്ക് പൂർവ്വിക സ്വത്തിൽ ജന്മാവകാശം ഉറപ്പാക്കുന്ന സുപ്രധാന കോടതി വിധി നിലവിൽ വന്നു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ 'മേരി റോയ് കേസി'ന് സമാനമായ വലിയ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണിത്.

ഹിന്ദുക്കളുടെ വിവാഹം, പിന്തുടർച്ച, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിലവിലുള്ള പ്രധാന നിയമങ്ങളിൽ ഒന്നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം. കുടുംബസ്വത്തുക്കളുടെയും വ്യക്തി സ്വയം ആർജ്ജിച്ച സ്വത്തുക്കളുടെയും പിന്തുടർച്ചാവകാശം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.
നേരത്തെ, ഹിന്ദുക്കൾക്കിടയിൽ മിതാക്ഷര, ദയാഭാഗ, അലിയസന്താന, മരുമക്കത്തായ സമ്പ്രദായങ്ങൾ നിലനിന്നിരുന്നു. ഇവയെ ഏകീകരിക്കുന്നതിനാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം രൂപീകരിച്ചത്. മിതാക്ഷര സമ്പ്രദായം നിലനിന്നിരുന്ന കുടുംബങ്ങളിൽ ആൺകുട്ടികൾക്ക് കുടുംബസ്വത്തിൽ ഓഹരി അവകാശമുണ്ടായിരുന്നെങ്കിലും പെൺമക്കൾക്ക് അവകാശം ഉണ്ടായിരുന്നില്ല. എന്നാൽ, 2004-ൽ പാർലമെൻ്റ് പാസാക്കിയ ഭേദഗതി അനുസരിച്ച് പെൺമക്കളും കുടുംബസ്വത്തിന്മേൽ അവകാശികളായി മാറി. രാജ്യമെങ്ങും പെൺമക്കൾക്ക് തുല്യ അവകാശം എന്ന ലക്ഷ്യത്തോടെയാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

എന്നാൽ, കേരളത്തിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. 1975-ൽ നിലവിൽ വന്ന കൂട്ടുകുടുംബ സമ്പ്രദായം നിർത്തലാക്കൽ നിയമമനുസരിച്ച്, കൂട്ടുകുടുംബ സ്വത്തുക്കൾ സാങ്കൽപ്പികമായി വിഭജിച്ച കുടുംബങ്ങളിൽ അച്ഛനും മകനും ഓഹരി അവകാശികളായി എങ്കിലും, സ്വത്തിൽ ആർക്കും ജന്മാവകാശം ഉണ്ടായിരുന്നില്ല. 1975-ന് ശേഷം ജനിക്കുന്ന ആൺകുട്ടിക്കോ പെൺകുട്ടിക്കോ കുടുംബസ്വത്തിൽ ജന്മാവകാശം ഉണ്ടായിരുന്നില്ല. പിതാവിൻ്റെ കാലശേഷം മാത്രമേ അദ്ദേഹത്തിന്റെ സ്വത്തിൽ ഓഹരി ലഭിക്കുമായിരുന്നുള്ളൂ.

എന്നാൽ, നിലവിലെ കോടതി വിധി അനുസരിച്ച്, കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാന നിയമം നിലനിൽക്കാൻ പാടില്ല. കേരളത്തിൽ കൂട്ടുകുടുംബ സ്വത്ത് ഭാഗിച്ച് ഭാഗ ഉടമ്പടി രേഖയോ പ്രമാണമോ (ഡിക്രി) പ്രകാരം പിരിഞ്ഞുപോയ വസ്തു‌ക്കളിൽ സ്ത്രീകൾക്ക് ഓഹരി ലഭിക്കില്ല. എന്നാൽ, പങ്കുവെക്കാത്ത പഴയ കുടുംബസ്വത്ത് ഉണ്ടെങ്കിൽ അതിൽ സ്ത്രീകൾക്കും തുല്യ അവകാശം ലഭിക്കുമെന്നതാണ് ഈ വിധിയുടെ പ്രധാന ഫലം. ഈ വിധി ഹിന്ദു കുടുംബങ്ങളിലെ സ്വത്ത് വിഭജന കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img